കാക്കനാട്: മാർപ്പാപ്പയുടെ ക്രിക്കറ്റ് ടീമിൽ മലയാളികൾ മാത്രം. വത്തിക്കാൻ്റെ ഔദ്യോഗിക ക്രിക്കറ്റ് ടീമായ സെയ്ന്റ് പീറ്റേഴ്‌സ് ക്ലബ്ബ് സമ്പൂർണ മലയാളി ടീമായി മാറി. ഈ അന്താരാഷ്ട്ര ടീമിൽ ആദ്യം ഇടം നേടിയത് അഞ്ച് മലയാളികളായിരുന്നു. ഇപ്പോൾ വൈദികരും വൈദിക വിദ്യാർഥികളുമടങ്ങുന്ന ടീമിൽ മുഴുവനും മലയാളികളാണ് ഉള്ളത്. ആദ്യ അന്താരാഷ്ട്ര മത്സരം വെളിയാഴ്ച ഇംഗ്ലണ്ടിൽ നടക്കും. ജൂലൈ 5 വരെ വിവിധ ടീമുകളുമായി മത്സരിക്കും. 'വിശ്വാസത്തിൻ്റെ വെളിച്ചത്തിലേക്കുള്ള യാത്ര' എന്ന പേരിൽ നടത്തുന്ന മത്സര പരമ്പരയുടെ 10-ാം പതിപ്പിലാണ് വത്തിക്കാൻ്റെ ഫുൾ മലയാളി ടീം പാഡ് കെട്ടുന്നത്. വത്തിക്കാൻ സിറ്റിയിലെ സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തി ടീമംഗങ്ങൾ ഫ്രാൻസിസ് മാർപാപ്പയെ കണ്ട് അനുഗ്രഹം വാങ്ങി.
ചങ്ങനാശ്ശേരി സ്വദേശി ഫാ. ജോസ് ഈട്ടുള്ളിയാണ് ക്യാപ്റ്റൻ. ഫാ. നെൽസൺ പുത്തൻപറമ്പിൽ (കണ്ണൂർ), ഫാ. ജോസ് റീച്ചൂസ് (തിരുവനന്തപുരം), ഫാ. പ്രിൻസ് അഗസ്റ്റിൻ (കോട്ടയം), ഫാ. അബിൻ മാത്യു (പാല), ഫാ. ജോജി കാവുങ്കൽ (ചാലക്കുടി), ഫാ. സാന്റോ തോമസ് (കണ്ണൂർ), ഫാ. പോൾസൺ കൊച്ചുതറ (കൊച്ചി), ഫാ. എബിൻ ഇല്ലിക്കൽ (തൃശ്ശൂർ), ബ്രദർ എബിൻ ജോസ് (ഇടുക്കി), ബ്രദർ ജെയ്‌സ് ജെയ്മി (കോതമംഗലം), ബ്രദർ അജയ് പൂവൻപുഴ (കണ്ണൂർ) എന്നിവരാണ് ടീമംഗങ്ങൾ.
This time only Malayalees are in the Vatican's national cricket team.